വിഴിഞ്ഞം: ലഹരി മാഫിയയുടെ ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് പരിക്ക്. കോവളം ബ്ലോക്ക് സെക്രട്ടറിയും മുൻ വിഴിഞ്ഞം മണ്ഡലം പ്രസിഡന്റുമായിരുന്ന വിഴിഞ്ഞം കരയടിവിള സ്വദേശി ഷാനു കബീറിനാണു ഗുരുതര പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.ഓട്ടോറിക്ഷ തൊഴിലാളിയായ ഷാനു സവാരി കഴിഞ്ഞ് ഉച്ചഭക്ഷണത്തിനായി കരയടിവിള ജംഗ്ഷനു സമീപമെത്തിയപ്പോളായിരുന്നു കരയടിവിള സ്വദേശി ദിലീപിന്റെ നേതൃത്വത്തിലെ നാലംഗ സംഘത്തിന്റെ ആക്രമണം.
ഓട്ടോയിൽ ഇരുന്ന ഷാനുവിനെ വലിച്ചിറക്കി റോഡിലിട്ടു മർദി ക്കുകയും ബിയർ ബോട്ടിലും തടി കഷ്ണങ്ങളും ഉപയോഗിച്ചു തലയിൽ അടിക്കുകയുമായിരുന്നു. കുപ്പികൊണ്ടുള്ള അടിയിൽ തലയ്ക്കു മൂന്നു പൊട്ടലുകളുണ്ട്.
കൈകാലുകൾക്കും പരിക്കുണ്ട്. ബഹളംകേട്ട് നാട്ടുകാർ കൂടിയപ്പോൾ ഇവർ സ്ഥലത്തുനിന്നും കടന്നു കളഞ്ഞു. തുടർന്നു നാട്ടുകാർ ചേർന്നു ഷാനുവിനെ വിഴിഞ്ഞം ആശുപത്രിയിലും തുടർന്ന് ചാക്കയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നിലവിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് ദിലീപിന്റെ നേതൃത്വത്തിൽ ലഹരി വിൽപ്പന നടത്തുന്നത് ഷാനു കബീർ വിലക്കിയിരുന്നു. ഇതിന്റെ പകയാണ് ആക്രമണത്തിനു കാരണമെന്നു കരുതുന്നതായി വിഴിഞ്ഞം പോലീസ് പറഞ്ഞു. വധശ്രമത്തിന് കേസെടുത്ത പോലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.